TET മായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇടപെടണം.
ടീച്ചർ എലിജിബിലിറ്റി ടെസ്റ്റുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഉത്തരവ് അര ലക്ഷത്തിലധികം അധ്യാപകരുടെ ജോലി സ്ഥിരതയെ ബാധിക്കുന്നതായതിനാൽ പ്രശ്നപരിഹാരത്തിനായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തിര ഇടപെടൽ നടത്തണമെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമിതി അഭ്യർത്ഥിച്ചു.
2009 ൽ നിലവിൽ വന്ന കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരം അധ്യാപകർക്ക് ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് നിർബന്ധമാക്കിയിരുന്നു.
എന്നാൽ കഴിഞ്ഞദിവസം പുറപ്പെടുവിച്ച സുപ്രീംകോടതി ഉത്തരവുപ്രകാരം RTE ആക്ട് നിലവിൽ വരുന്നതിനുമുമ്പ് സർവീസിൽ കയറിയ അധ്യാപകർക്കും TET നിർബന്ധമാക്കി. യോഗ്യത നേടാത്ത അധ്യാപകർ അഞ്ചുവർഷത്തിലധികം സർവീസ് ഉള്ളവരാണെങ്കിൽ, യോഗ്യത നേടാനായി സുപ്രീംകോടതി അനുവദിച്ച രണ്ടു വർഷത്തിനുശേഷവും പരീക്ഷ പാസായില്ലെങ്കിൽ സർവീസിൽ നിന്ന് പുറത്തു പോകേണ്ട സാഹചര്യമാണ് കോടതി ഉത്തരവുമൂലം ഉണ്ടായിട്ടുള്ളത്. ഇത് അര ലക്ഷത്തിലധികം അധ്യാപകരെ പ്രതികൂലമായി ബാധിക്കുന്നതും ജോലി നഷ്ടപ്പെടാൻ ഇടയാക്കുന്നതുമാണ്.
ഏത് നിയമം നിലവിൽ വന്നാലും സാധാരണയായി ഉത്തരവ് തീയതി മുതലാണ് അതിന് പ്രാബല്യം ഉണ്ടാവുക. എന്നാൽ ഇപ്പോഴത്തെ സുപ്രീംകോടതി ഉത്തരവുപ്രകാരം 2009 ൽ നിലവിൽ വന്ന നിയമം അതിനുമുമ്പ് സർവീസിൽ പ്രവേശിച്ചവർക്കും ബാധകമാക്കുന്നത് സാമാന്യനീതിയുടെ ലംഘനവും ഭരണഘടനാ തത്വങ്ങൾക്കും മാനുഷിക മൂല്യങ്ങൾക്കും എതിരുമാണ്.
സർവീസിൽ കയറുന്ന സമയത്ത് നിർദ്ദേശിക്കപ്പെട്ട മുഴുവൻ യോഗ്യതകളും നേടിയ അധ്യാപകർക്ക് അതിനുശേഷം വന്ന നിയമത്തിൻ്റെ അടിസ്ഥാനത്തിലുള്ള യോഗ്യത നേടാൻ കഴിഞ്ഞില്ല എന്ന കാരണത്താൽ സർവീസിൽ നിന്ന് പിരിച്ചു വിടുന്നത് ഒഴിവാക്കുന്നതിനും അധ്യാപകരുടെ ജോലി സുരക്ഷ ഉറപ്പുവരുത്തുന്നതിനും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അടിയന്തിര ഇടപെടൽ ഉണ്ടാകണം. പാർലമെൻ്റിൽ നിയമനിർമ്മാണം നടത്തുകയോ സർക്കാർ തന്നെ സുപ്രീംകോടതിയെ സമീപിക്കുകയോ ചെയ്യണം. വിദ്യാഭ്യാസ മേഖലയിൽ സുപ്രീംകോടതി വിധി മൂലം ഉണ്ടാകാൻ പോകുന്ന അതിഭീകരമായ പ്രതിസന്ധി പരിഹരിക്കാൻ ഇത് അനിവാര്യമാണ്.
അധ്യാപകരുടെ ജോലി സുരക്ഷ ഉറപ്പുവരുത്തുന്നതിന് സുപ്രീംകോടതിയെ സമീപിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് കെ പി എസ് ടി എ സംസ്ഥാന സമിതി തീരുമാനിച്ചതായി പ്രസിഡണ്ട് കെ അബ്ദുൽ മജീദ്, ജനറൽ സെക്രട്ടറി പി കെ അരവിന്ദൻ, ട്രഷറർ അനിൽ വട്ടപ്പാറ എന്നിവർ അറിയിച്ചു.
0 comments:
Post a Comment